
മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും ഇത് ഉപകാരപ്രദമായി മാറുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ലോകത്തെമ്പാടുമുളള പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രതിബദ്ധതയുടെ തെളിവാണ് "നോര്‍ക്ക കെയര്‍' എന്നാണ് തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്.
നോര്‍ക്ക റൂട്ട്സിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ സേവനം ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം മുതല്‍ ലഭ്യമാകുമെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ഒരു സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി എന്നതു പ്രവാസി മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നുവെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോക കേരള സഭയിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. ആ ആവശ്യമാണ് ഇപ്പോള്‍ നിറവേറ്റപ്പെടുന്നത്.
നോര്‍ക്ക ഐഡി കാര്‍ഡുകളുള്ളവരും വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികളും പദ്ധതിയുടെ പരിധിയില്‍ വരും. പദ്ധതി പ്രകാരം അംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണു ലഭിക്കുക. നിലവിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രീമിയം നിരക്കിലുള്ള കുറവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷണം. രണ്ടു മക്കള്‍ അടക്കം നാലുപേരുടെ കുടുംബത്തിന് 13,411 രൂപയാണു പ്രീമിയമായി പറയുന്നത്. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 4,130 രൂപ പ്രീമിയമായി അടയ്ക്കേണ്ടിവരും. ഇന്‍ഷ്വറന്‍സ് പ്രവാസിക്കു മാത്രമാണെങ്കില്‍ 8,101 രൂപയാണു പ്രീമിയം.
പോളിസി എടുക്കുന്നതിനു മുന്‍പുള്ള രോഗങ്ങള്‍ക്കും പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കും. കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 16,000ത്തിലധികം ആശുപത്രികളില്‍ ഇതുവഴി ക്യാഷ്ലെസ് ചികിത്സ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടുംബത്തിനും അവര്‍ താമസിക്കുന്ന ഇടങ്ങളില്‍തന്നെ ചികിത്സ ഉറപ്പാക്കാനാകും.
നിലവില്‍ രാജ്യത്തിനുള്ളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാല്‍, ഭാവിയില്‍ ജിസിസി രാജ്യങ്ങളിലുള്‍പ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Comments: